Ticker

6/recent/ticker-posts

ഖസാക്കിന്റെ ഇതിഹാസം


Author: O V Vijayan

Language : Malayalam

Publishing year:1969

Rating:4.5/5


" മന്ദാരത്തിന്റെ ഇലകൾ ചേർത്തുതുന്നിയ ഈ പുനർജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാകുന്നു "   

              - ഖസാക്കിന്റെ ഇതിഹാസം


ഒ. വി. വിജയന്റെ ആദ്യത്തെ നോവലാണ് ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യത്തെ ഖസാക്കിന് മുൻപും ഖസാക്കിന് ശേഷവും എന്ന് തരംതിരിക്കാം.

      പാലക്കാട് ചുരത്തിന് അടിവാരത്തുള്ള ഒരു ഗ്രാമമാണ് വിജയന്റെ ഖസാക്ക്. കരിമ്പനകളും, പാലക്കാടൻ കാറ്റും നിറഞ്ഞ, പുതിയ ലോകത്തിന്റെ ആർഭാടങ്ങളും പരിഷ്ക്കാരങ്ങളും കടന്നുചെന്നിട്ടേയില്ലാത്ത ഒരു ഗ്രാമം. അതാണ് ഖസാക്ക്.  അവിടെ സർക്കാരിന്റെ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഏകാധ്യാപകവിദ്യാലയം സ്ഥാപിക്കുവാൻ രവി എന്ന അധ്യാപകൻ എത്തുന്നു. രവി സ്ഥലത്തെ പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ ഏകാധ്യാപകവിദ്യാലയം ആരംഭിക്കുന്നു. ഏകാധ്യാപകവിദ്യാലയത്തിന്റെ വരവോടുകൂടി നാട്ടിലെ ഓത്തുപള്ളികളും മതപാഠശാലകളും ഉപേക്ഷിക്കപ്പെടുന്നു. പിന്നീട് മൊല്ലാക്ക രവിയുടെ സ്കൂളിൽ തൂപ്പുജോലിക്കാരൻ ആകുന്നു.

       കേവലം രവിയുടെ മാത്രം കഥയല്ല ഖസാക്കിന്റെ ഇതിഹാസം ചർച്ചചെയ്യുന്നത്. മറിച്ച് ഒട്ടനവധി ഉപകഥകളും കുറെ മനുഷ്യരുടെ ജീവിതങ്ങളും ഉണ്ട്. ഖസാക്കിലെ തന്റെ ജീവിതത്തിൽ താൻ ചെയ്ത പാപങ്ങളുടെ എണ്ണം കൂടുന്നു എന്ന്ഇ തിരിച്ചറിഞ്ഞ രവി ഇനിയും പാപങ്ങളുടെ കണക്കുകൾ വർധിക്കാതിരിക്കാൻ ഖസാക്ക് വിടുകയാണ്. ഖസാക്കിൽ നിന്നും പോകാൻ ബസ് കാത്തു നിൽക്കുന്ന രവി സർപ്പദംശനത്താൽ  മരിക്കുന്നതാണ് കഥാവസാനം.

      ഖസാക്കിന്റെ ഇതിഹാസത്തിനെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം എന്ന് പറയുന്നത് അതിന്റെ ഭാഷയാണ്. മലയാളിയും മലയാള സാഹിത്യവും പരിചയിച്ചിട്ടില്ലാത്ത പുതിയൊരു തരം ഭാഷയായിരുന്നു ഖസാക്കിന്റേത്. ഭാഷാപരമായ വിപ്ലവo മാത്രമായിരുന്നില്ല ഖസാക്കിന്റെ ഇതിഹാസം മലയാള സാഹിത്യത്തിൽ സൃഷ്ടിച്ചത്. നന്മയുടെ പ്രതീകമായി നായകന്മാരെ കണ്ടിരുന്ന ഒരു കാലഘട്ടത്തിൽ ഒരു നെഗറ്റീവ് ഇമേജ് ഉള്ള നായകനായ രവി അവതരിക്കുകയായിരുന്നു. മലയാള സാഹിത്യത്തിൽ മാറ്റത്തിന്റെ വലിയ ഒരു തിരശ്ശീല തുറന്നു കൊടുക്കുകയായിരുന്നു ഖസാക്കിന്റെ ഇതിഹാസം.

     തന്റെ കഥയും കഥാപാത്രങ്ങൾക്കുമപ്പുറം ഖസാക്ക് എന്ന നാടിനെ വായനക്കാരുടെ ഹൃദയങ്ങളിൽ എത്തിക്കാൻ ഒ. വി. വിജയനും സാധിച്ചു. ഖസാക്കിലെ കരിമ്പനകളും, കാറ്റും,ഉച്ചത്തിൽ കേൾക്കുന്ന ബാങ്ക്‌വിളികളും തുടങ്ങി  ഖസാക്കിന്റെ ഓരോ ഭാവ വ്യത്യാസങ്ങളും നമ്മളിലേക്ക് ആവാഹിക്കപെടുന്നു. നോവൽ വായിച്ചു കഴിയുന്ന എല്ലാവരുടെയും ഉള്ളിൽ മായാതെ ഉണ്ടാവും ഖസാക്ക്.

 ( ഖസാക്കിന്റെ ഇതിഹാസം "Legendas of Khasak " എന്ന പേരിൽ ഒ. വി. വിജയൻതന്നെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് )

        




Post a Comment

0 Comments